Thursday, January 15, 2009

ഒരു നാടന്‍ പാട്ട്

കരിമിഴികൊണ്ട് കവിത ചൊല്ലണ
കടത്തുകാരി പെണ്ണേ നിന്റെ
കരിവളയുടെ കളിചിരികേട്ടെന്‍
മനം കുളിരണു പൊന്നേ...

തുഴയെറിയുമ്പോള്‍ കുതിച്ചു പായണ
കൊതുമ്പു വള്ളം പോലെ നിന്റെ
കടക്കണ്ണിന്റെയീ നോട്ടം കണ്ടിട്ട്
മദിച്ചു പായണ് മനസ്സ്...

കറുകറുത്തൊരു ചുരുള്‍ മുടിയുള്ള
കുട്ടനാടന്‍ പെണ്ണേ നിന്റെ
കുറുമ്പു കാട്ടണ വദനം കണ്ടിട്ട്
മനമിളകണ് കണ്ണേ...

നുണക്കുഴിയുള്ള കവിളു കണ്ടെന്റെ
കരള്‍ തുടിക്കണു പൊന്നേ നിന്റെ
കരം പിടിച്ചിട്ടീ കടത്തുതോണിയില്‍
തുഴഞ്ഞു പോകുവാന്‍ മോഹം...

കരയടുക്കുമ്പോള്‍ മനം വിതുമ്പുന്നു
കടത്തുകാരി പെണ്ണേ എന്റെ
കരളിന്‍ നൊമ്പരം കാണൂല്ലേ ഒരു
കാരിയം എന്നോട് ചൊല്ലൂല്ലേ...

നാണം മുളയ്കുമ്പോള്‍ നഖം കടിക്കണ
നാടന്‍ ചേലുള്ള പെണ്ണേ എന്റെ
നാടുകാണാനിന്നു പോരാമോ ഈ
നാടിന്റെ ഓമന പെണ്‍കിടാവേ...

നാട്ടിലൊരോലപ്പുരയുണ്ടേ
നാഗവും തേവരും കാവുമുണ്ടേ
കാവിലിന്നുല്‍സവ മേളമുണ്ടേ
മേളം കൊഴുപ്പിക്കാന്‍ കൂട്ടരുണ്ടേ...

No comments:

Post a Comment