Saturday, February 7, 2009

നീ വരുമോ...


പാടാം ഒരു സ്നേഹഗീതം
നീയതിന്‍ പല്ലവി മൂളി നീ വരുമോ...

പല്ലവി പാടി നീ വരികില്‍
അനുപല്ലവി ഞാനേറ്റു പാടാം

നല്‍കാം നിനക്കെന്‍ മനസ്സും
അതില്‍ സ്നേഹം പകര്‍ന്നു നീ തരുമോ...

സ്നേഹം പകര്‍ന്നു നീ തരികില്‍
എന്റെ മോഹങ്ങള്‍ പങ്കിട്ടു നല്‍കാം...

പുലരി മഞ്ഞുരുകുന്ന വഴിയില്‍
കുഞ്ഞു സൂര്യനായ് തഴുകി നീ വരുമോ...

സൂര്യനായ് തഴുകി നീ വരികില്‍
മഞ്ഞുതുള്ളിയായ് ഞാന്‍ നിന്നിലലിയാം

പൂക്കളില്‍ നിറയുന്ന മധുരം
കരിവണ്ടായി നുകരാന്‍ നീ വരുമോ...

വണ്ടായ് പറന്നു നീ വരികില്‍
എന്റെ മനസ്സിന്‍ സുഗന്ധവും നല്‍കാം

കളകളം പാടുമീ പുഴയില്‍
കൊച്ചു തോണിതുഴഞ്ഞു നീ വരുമോ...

തോണി തുഴഞ്ഞിങ്ങു വരികില്‍
നിന്റെ തോണിയില്‍ ഞാനും കരേറാം...

അക്കരെയുണ്ടൊരു മാടം
അതില്‍ കൂട്ടിനായ് നീ കൂടെ വരുമോ...

കൂട്ടിനായ് നീയൊപ്പമെങ്കില്‍
നമുക്കൊന്നിച്ചു വാനില്‍പറക്കാം.

Wednesday, February 4, 2009

കാലം

കാലം കടഞ്ഞൊരീ ജീവനും പേറി നാം
കാതങ്ങള്‍ താണ്ടുന്നു കാലം കഴിക്കുന്നു

അറിയാം തുടിക്കുമീ യന്ത്രം നിലയ്ക്കവേ
അലിയുന്നു ദേഹവും പഞ്ചഭൂതങ്ങളില്‍

ഓര്‍ത്താല്‍ നടുങ്ങുന്നു, സത്യമെന്താകിലും
ഓര്‍ക്കുവാന്‍ നേരമില്ലെന്നതും മിഥ്യയോ

അണുവിന്റെയണുവിലെ സത്യം പഠിക്കവേ
അണുവായുധങ്ങളും കരുതുന്നു കൂട്ടിനായ്

കാണാത്ത കാഴ്ചകള്‍ കാണാന്‍ കൊതിക്കവേ
കാണുന്നതൊക്കെയും നേടാന്‍ തപിക്കുന്നു

അറിയുന്നു നമ്മളും പിന്നിലേയ്കൊരു മാത്ര
നോക്കുക നമ്മെ നാമാക്കിയ പാതകള്‍

വന്ദിക്കുവാന്‍ നമുക്കാവതില്ലെങ്കിലും
നിന്ദിക്കയരുത് നാം മാതപിതാക്കളെ

ദേഹത്തിലൊഴുകുന്ന ചോരയ്ക്കൊരുനിറം
ദേഹിയോ കാണ്മതിനാവതില്ലെന്നതും

സ്നേഹമീ ജീവന്റെയാധാരമെന്നതും
വൈകിയാണെങ്കിലും അറിയുന്നു നാമിന്ന്‍....
മിന്ന്‍....

Tuesday, February 3, 2009

സൌഹൃദം

ആരോ വിരല്‍ തൊട്ടുണര്‍ത്തുന്ന പൊന്മണി
തമ്പുരുതന്‍ശ്രുതിയാകുന്നു സൌഹൃദം

ഹൃദയസംഗീതത്തിനനുപദം പാടുന്ന
മാസ്മര മന്ത്രണമാകുന്നു സൌഹൃദം

വിടരുന്ന മുകുളത്തിന്നുയിരില്‍ നിറയുന്ന
വശ്യമാം സൌരഭ്യമാകുന്നു സൌഹൃദം

നോവുന്ന മനസ്സുകള്‍ക്കാശ്വാസമായ് വരും
സ്നേഹമാം വാക്കുകളാകുന്നു സൌഹൃദം

ഏകാന്തയാമങ്ങള്‍ പങ്കിടാനെത്തുന്ന
സുന്ദര നിമിഷങ്ങളാകുന്നു സൌഹൃദം

മനസ്സിന്റെ ജാലകം മെല്ലെ തുറന്നെത്തും
ആനന്ദഭൈരവിയാകുന്നു സൌഹൃദം

മതഭേദമില്ലാതെ ചിന്തകള്‍ കൈകോര്‍ക്കും
ആത്മീയസംഗമമാകുന്നു സൌഹൃദം

ഭാരം ചുമന്നേറെ തളരുന്ന കൈകളില്‍
ശീകരസ്പര്‍ശനമാകുന്നു സൌഹൃദം

ഭൂതായനങ്ങളില്‍ മറയുന്ന കാഴ്ചകള്‍
സ്നേഹമായ് പങ്കുവച്ചീടുന്നു സൌഹൃദം

ആഴികള്‍ക്കപ്പുറം പിടയും തുടിപ്പുകള്‍
കേള്‍ക്കുന്ന കിളിവാതിലാകുന്നു സൌഹൃദം

പെയ്യാതെ പോകുന്ന മേഘം തടുക്കുവാന്‍
സാനുക്കളയിന്നുയിര്‍ക്കട്ടെ സൌഹൃദം

അനശ്വരമാവാട്ടെ നമ്മുടെ സൌഹൃദം
പാരില്‍ നിറയ്ക്കട്ടെ ശാന്തിതന്‍ സന്ദേശം.