Thursday, January 15, 2009

അവസ്ഥാന്തരങ്ങള്‍

പാതകളെത്രയെന്‍ മുന്നിലായ് നീളുന്നു
പാദങ്ങള്‍ക്കില്ലൊരു നാളിലും വിശ്രമം

പിന്നിലേയ്ക്കോടി മറയുന്ന രൂപങ്ങള്‍ -
ക്കൊക്കെയും പറയുവാനേറെ വ്യഥകളൂം

അഷ്ടിക്കു വകയില്ലാതൊട്ടിയ വയറുമായ്
ശിഷ്ടകാലത്തിനായ് കാത്തിരിക്കുന്നു ഞാന്‍

മനസ്സിന്റെ ഭാണ്ഡത്തില്‍ മിച്ചമില്ലൊന്നുമേ
നിറമോലും ഗതകാല സ്മരണകളല്ലാതെ

ആള്‍തിരക്കേറുന്ന നഗര പ്രാന്തങ്ങളില്‍
ഏകനായലയുന്നു ഞാനാം പഥികനും

ആശകളൊട്ടുമേ ബാക്കിയില്ലൊരുനാളില്‍
ആശിച്ചിരുന്നുവെന്നൊര്‍ക്കുമ്പോള്‍ കൗതുകം

പിന്നിട്ട വഴികളിലെറിഞ്ഞെന്റെ സ്വപ്നങ്ങള്‍
പശിക്കും ചെന്നായ്ക്കള്‍ക്ക് ഭുജിക്കുവാനാവോളം

ആര്‍ത്തി മൂത്തവയൊക്കെ ചീറിയടുത്തെന്റെ
ഭാണ്ഡത്തിനുള്ളിലിനിയെന്തെന്നു തിരയവേ

ഓടിത്തളര്‍ന്നു ഞാനെത്തിയൊരു നിളയുടെ
തീരത്തു ശാന്തനായ് തെളിനീര്‍ കുടിക്കുവാന്‍

വറ്റിവരൊണ്ടൊരാ നിളയുടെ നെഞ്ചകം
ഇറ്റുനീര്‍ പോലുമില്ലാതെ തപിക്കുന്നു

കുഴയുന്നു പാദങ്ങള്‍ തളരുന്നു ദേഹവും
കഴിയില്ല മുന്നോട്ടിനിയീ പ്രയാണവും

ഈ മരത്തണലില്‍ ഞാന്‍ ഏകനായിരിക്കുമ്പോള്‍
ഓര്‍ക്കുന്നു പാഴായ രക്തബന്ധങ്ങളും

ഹാ, വൃക്ഷമേ...നീയെത്ര ധന്യ..
തണലേകിടുന്നു നീ കര്‍മ്മഫലമോര്‍ക്കാതെ

പുലരി വിരിഞ്ഞിട്ടും ഉണര്‍ന്നില്ലയാവൃദ്ധന്‍
ഉണരുകയുമില്ലിനി വ്യഥകളെത്തഴുകുവാന്‍ ....

No comments:

Post a Comment