Wednesday, January 21, 2009

കാത്തിരിപ്പ്

പൊലിയുന്ന പകലിന്റെ നിശ്വാസമുതിരവേ
നിളയുടെ തീരങ്ങള്‍ പൊന്നില്‍ കുളിക്കയായ്

ഏതോ നിഗൂഢമാം മൌനത്തിന്‍ ചിറകേറി
താന്തമാം സന്ധ്യയും അകലേയ്ക് മറയവേ

ഓര്‍മ്മതന്‍ ചിപ്പിയില്‍ നിറയുന്നു ഗദ്ഗദം
ഓര്‍ക്കയായ് സ്മൃതിസാഗരത്തില്‍ മറഞ്ഞതും

ശാന്തമായൊഴുകുമീ ഓളങ്ങള്‍ പോലവേ
സാന്ത്വനമാവുന്നു സുഖമെഴും നോവുകള്‍ .

സ്നേഹത്തിന്നാഴങ്ങള്‍ തേടി ഞാനലയവേ
സ്നേഹിതനായ് വന്നു സ്നേഹം ചൊരിഞ്ഞൊരാള്‍

അനുവാദമില്ലാതെ അരികത്തു വന്നവന്‍
അനുദിനം മുരളികയൂതി കടന്നു പോയ്

മോഹനമുണര്ന്നെന്റെ മാനസവീണയില്‍
മോഹങ്ങള്‍ പീലിവിടര്ത്തിനിന്നാടവേ

അറിയാതെ മനസ്സില്‍ കിനിഞ്ഞേറെ സ്വപ്നങ്ങള്‍
അറികയായ് അവനെന്റെ സര്‍വ്വസ്വമെന്നതും

ബന്ധങ്ങള്‍ വന്നെത്തി വിലപേശിയകലവേ
സ്വന്തമെന്നോര്ക്കുവാന്‍ സ്വപ്നങ്ങള്‍ ശിഷ്ടമായ്

വീശിത്തളരുന്ന ചിറകുമായ് കിളികളും
കൂട്ടിലേയ്ക്കണയുവാന്‍ വെമ്പിക്കുതിക്കയായ്

ഏകയായ് മന്ദം നടന്നു ഞാന്‍ നീങ്ങവേ
ഏഴിലം പാലയും പൂത്തു ചിരിക്കയായ്

വിരിയാത്ത കൊമ്പിലും പാടുന്ന പൂങ്കുയില്‍
വിരഹാര്ദ്രമൊരുസാന്ദ്ര രാഗവും മൂളവേ

മനസ്സില്‍ നിറയുന്നു മോഹങ്ങള്‍ പിന്നെയും
അറിയുന്നു ഞാനതിന്നര്ഹയല്ലെന്നതും

വിജനമായ് നീളുമീ പാതയോരങ്ങളില്‍
വിവശരായ് ചിരിതൂവി നില്പൂ കുസുമങ്ങള്‍

ഏകാന്ത താരങ്ങള്‍ മൌനസഞ്ചാരികള്‍
എങ്ങോ വിദൂരത്ത് കണ്ചിമ്മി നോക്കവേ

കാതോര്ത്തു നില്ക്കുന്നു ഞാനുമീ വീഥിയില്‍
'വരികയെന്‍ കൂടെ നീ' എന്നൊരു വാക്കിനായ്....

No comments:

Post a Comment