Thursday, January 15, 2009

താരാട്ട്

പേടമാന്‍ കുഞ്ഞിന്റെ മിഴിയാണ്
നീലക്കാര്‍ വര്ണ്ണന്റെ അഴകാണ്
വെറ്റില നാമ്പുകള്‍ കൊത്തിച്ചുവപ്പിക്കും
തത്തമ്മ പെണ്ണിന്റെ ചുണ്ടാണ്
കണ്ണേ ഉറങ്ങുറങ്ങൂ...
ഓമന മുത്തേ ഉറങ്ങുറങ്ങൂ....
അമ്മതന്‍ താരാട്ടു കേട്ടെന്‍
ഓമനമുത്തേ നീയുറങ്ങൂ...

നീകാണും കുഞ്ഞുകിനാവിലെല്ലാം
വര്ണ്ണങ്ങളേഴും നിറയേണം
താമരപ്പൂവിന്റെ നിറമോലും നിന്റെ
പൂങ്കവിള്‍ മെല്ലെ തലോടാം ഞാന്‍
കണ്ണേ ഉറങ്ങുറങ്ങൂ...
ഓമന മുത്തേ ഉറങ്ങുറങ്ങൂ....

മാനത്തു താരക പൂക്കളുണ്ട്
കൂട്ടിനായമ്പിളിമാമനുണ്ട്..
എന്നുണ്ണിക്കണ്ണനുറങ്ങാന്‍ ചാരത്ത്
കുഞ്ഞിളം തെന്നലായമ്മയുണ്ട്
കണ്ണേ ഉറങ്ങുറങ്ങൂ...
ഓമന മുത്തേ ഉറങ്ങുറങ്ങൂ....

മുറ്റത്തെ തേന്മാവിന്ചില്ലയൊന്നില്‍
ചന്തമോലും കിളിക്കൂടുണ്ട്
കൂട്ടിലൊരോമന കുഞ്ഞുണ്ടേ
കൂട്ടിന്നായമ്മക്കിളിയുമുണ്ടേ
ഈകൊച്ചു കൂട്ടിലെന്നുണ്ണിയുണ്ടേ
പാടിയുറക്കനമ്മയുണ്ടേ
കണ്ണേ ഉറങ്ങുറങ്ങൂ...
ഓമന മുത്തേ ഉറങ്ങുറങ്ങൂ....

No comments:

Post a Comment