Saturday, February 7, 2009

നീ വരുമോ...


പാടാം ഒരു സ്നേഹഗീതം
നീയതിന്‍ പല്ലവി മൂളി നീ വരുമോ...

പല്ലവി പാടി നീ വരികില്‍
അനുപല്ലവി ഞാനേറ്റു പാടാം

നല്‍കാം നിനക്കെന്‍ മനസ്സും
അതില്‍ സ്നേഹം പകര്‍ന്നു നീ തരുമോ...

സ്നേഹം പകര്‍ന്നു നീ തരികില്‍
എന്റെ മോഹങ്ങള്‍ പങ്കിട്ടു നല്‍കാം...

പുലരി മഞ്ഞുരുകുന്ന വഴിയില്‍
കുഞ്ഞു സൂര്യനായ് തഴുകി നീ വരുമോ...

സൂര്യനായ് തഴുകി നീ വരികില്‍
മഞ്ഞുതുള്ളിയായ് ഞാന്‍ നിന്നിലലിയാം

പൂക്കളില്‍ നിറയുന്ന മധുരം
കരിവണ്ടായി നുകരാന്‍ നീ വരുമോ...

വണ്ടായ് പറന്നു നീ വരികില്‍
എന്റെ മനസ്സിന്‍ സുഗന്ധവും നല്‍കാം

കളകളം പാടുമീ പുഴയില്‍
കൊച്ചു തോണിതുഴഞ്ഞു നീ വരുമോ...

തോണി തുഴഞ്ഞിങ്ങു വരികില്‍
നിന്റെ തോണിയില്‍ ഞാനും കരേറാം...

അക്കരെയുണ്ടൊരു മാടം
അതില്‍ കൂട്ടിനായ് നീ കൂടെ വരുമോ...

കൂട്ടിനായ് നീയൊപ്പമെങ്കില്‍
നമുക്കൊന്നിച്ചു വാനില്‍പറക്കാം.

Wednesday, February 4, 2009

കാലം

കാലം കടഞ്ഞൊരീ ജീവനും പേറി നാം
കാതങ്ങള്‍ താണ്ടുന്നു കാലം കഴിക്കുന്നു

അറിയാം തുടിക്കുമീ യന്ത്രം നിലയ്ക്കവേ
അലിയുന്നു ദേഹവും പഞ്ചഭൂതങ്ങളില്‍

ഓര്‍ത്താല്‍ നടുങ്ങുന്നു, സത്യമെന്താകിലും
ഓര്‍ക്കുവാന്‍ നേരമില്ലെന്നതും മിഥ്യയോ

അണുവിന്റെയണുവിലെ സത്യം പഠിക്കവേ
അണുവായുധങ്ങളും കരുതുന്നു കൂട്ടിനായ്

കാണാത്ത കാഴ്ചകള്‍ കാണാന്‍ കൊതിക്കവേ
കാണുന്നതൊക്കെയും നേടാന്‍ തപിക്കുന്നു

അറിയുന്നു നമ്മളും പിന്നിലേയ്കൊരു മാത്ര
നോക്കുക നമ്മെ നാമാക്കിയ പാതകള്‍

വന്ദിക്കുവാന്‍ നമുക്കാവതില്ലെങ്കിലും
നിന്ദിക്കയരുത് നാം മാതപിതാക്കളെ

ദേഹത്തിലൊഴുകുന്ന ചോരയ്ക്കൊരുനിറം
ദേഹിയോ കാണ്മതിനാവതില്ലെന്നതും

സ്നേഹമീ ജീവന്റെയാധാരമെന്നതും
വൈകിയാണെങ്കിലും അറിയുന്നു നാമിന്ന്‍....
മിന്ന്‍....

Tuesday, February 3, 2009

സൌഹൃദം

ആരോ വിരല്‍ തൊട്ടുണര്‍ത്തുന്ന പൊന്മണി
തമ്പുരുതന്‍ശ്രുതിയാകുന്നു സൌഹൃദം

ഹൃദയസംഗീതത്തിനനുപദം പാടുന്ന
മാസ്മര മന്ത്രണമാകുന്നു സൌഹൃദം

വിടരുന്ന മുകുളത്തിന്നുയിരില്‍ നിറയുന്ന
വശ്യമാം സൌരഭ്യമാകുന്നു സൌഹൃദം

നോവുന്ന മനസ്സുകള്‍ക്കാശ്വാസമായ് വരും
സ്നേഹമാം വാക്കുകളാകുന്നു സൌഹൃദം

ഏകാന്തയാമങ്ങള്‍ പങ്കിടാനെത്തുന്ന
സുന്ദര നിമിഷങ്ങളാകുന്നു സൌഹൃദം

മനസ്സിന്റെ ജാലകം മെല്ലെ തുറന്നെത്തും
ആനന്ദഭൈരവിയാകുന്നു സൌഹൃദം

മതഭേദമില്ലാതെ ചിന്തകള്‍ കൈകോര്‍ക്കും
ആത്മീയസംഗമമാകുന്നു സൌഹൃദം

ഭാരം ചുമന്നേറെ തളരുന്ന കൈകളില്‍
ശീകരസ്പര്‍ശനമാകുന്നു സൌഹൃദം

ഭൂതായനങ്ങളില്‍ മറയുന്ന കാഴ്ചകള്‍
സ്നേഹമായ് പങ്കുവച്ചീടുന്നു സൌഹൃദം

ആഴികള്‍ക്കപ്പുറം പിടയും തുടിപ്പുകള്‍
കേള്‍ക്കുന്ന കിളിവാതിലാകുന്നു സൌഹൃദം

പെയ്യാതെ പോകുന്ന മേഘം തടുക്കുവാന്‍
സാനുക്കളയിന്നുയിര്‍ക്കട്ടെ സൌഹൃദം

അനശ്വരമാവാട്ടെ നമ്മുടെ സൌഹൃദം
പാരില്‍ നിറയ്ക്കട്ടെ ശാന്തിതന്‍ സന്ദേശം.

Wednesday, January 21, 2009

കാത്തിരിപ്പ്

പൊലിയുന്ന പകലിന്റെ നിശ്വാസമുതിരവേ
നിളയുടെ തീരങ്ങള്‍ പൊന്നില്‍ കുളിക്കയായ്

ഏതോ നിഗൂഢമാം മൌനത്തിന്‍ ചിറകേറി
താന്തമാം സന്ധ്യയും അകലേയ്ക് മറയവേ

ഓര്‍മ്മതന്‍ ചിപ്പിയില്‍ നിറയുന്നു ഗദ്ഗദം
ഓര്‍ക്കയായ് സ്മൃതിസാഗരത്തില്‍ മറഞ്ഞതും

ശാന്തമായൊഴുകുമീ ഓളങ്ങള്‍ പോലവേ
സാന്ത്വനമാവുന്നു സുഖമെഴും നോവുകള്‍ .

സ്നേഹത്തിന്നാഴങ്ങള്‍ തേടി ഞാനലയവേ
സ്നേഹിതനായ് വന്നു സ്നേഹം ചൊരിഞ്ഞൊരാള്‍

അനുവാദമില്ലാതെ അരികത്തു വന്നവന്‍
അനുദിനം മുരളികയൂതി കടന്നു പോയ്

മോഹനമുണര്ന്നെന്റെ മാനസവീണയില്‍
മോഹങ്ങള്‍ പീലിവിടര്ത്തിനിന്നാടവേ

അറിയാതെ മനസ്സില്‍ കിനിഞ്ഞേറെ സ്വപ്നങ്ങള്‍
അറികയായ് അവനെന്റെ സര്‍വ്വസ്വമെന്നതും

ബന്ധങ്ങള്‍ വന്നെത്തി വിലപേശിയകലവേ
സ്വന്തമെന്നോര്ക്കുവാന്‍ സ്വപ്നങ്ങള്‍ ശിഷ്ടമായ്

വീശിത്തളരുന്ന ചിറകുമായ് കിളികളും
കൂട്ടിലേയ്ക്കണയുവാന്‍ വെമ്പിക്കുതിക്കയായ്

ഏകയായ് മന്ദം നടന്നു ഞാന്‍ നീങ്ങവേ
ഏഴിലം പാലയും പൂത്തു ചിരിക്കയായ്

വിരിയാത്ത കൊമ്പിലും പാടുന്ന പൂങ്കുയില്‍
വിരഹാര്ദ്രമൊരുസാന്ദ്ര രാഗവും മൂളവേ

മനസ്സില്‍ നിറയുന്നു മോഹങ്ങള്‍ പിന്നെയും
അറിയുന്നു ഞാനതിന്നര്ഹയല്ലെന്നതും

വിജനമായ് നീളുമീ പാതയോരങ്ങളില്‍
വിവശരായ് ചിരിതൂവി നില്പൂ കുസുമങ്ങള്‍

ഏകാന്ത താരങ്ങള്‍ മൌനസഞ്ചാരികള്‍
എങ്ങോ വിദൂരത്ത് കണ്ചിമ്മി നോക്കവേ

കാതോര്ത്തു നില്ക്കുന്നു ഞാനുമീ വീഥിയില്‍
'വരികയെന്‍ കൂടെ നീ' എന്നൊരു വാക്കിനായ്....

Saturday, January 17, 2009

അന്ധകാരം.....

കടലിളകിമറിയുന്നു, കരള്‍നൊന്തു കരയുന്നു
ദിക്കുകള്‍ പൊട്ടുമാറുച്ചത്തിലലറുന്നു.

പാഞ്ഞലച്ചെത്തും കൊടുങ്കാറ്റുവീശുന്നു
മുടിയഴിച്ചാടിത്തിമിര്‍പ്പൂ തരുക്കളും.

മിന്നലിന്‍ നാഗങ്ങളിഴയുന്നു മാനത്ത്

ചിന്നിച്ചിതറിക്കുതിച്ചിഴഞ്ഞെത്തുന്നു.

ഇരുള്‍‍പെറ്റ മക്കളെപ്പോലെ കാര്‍മേഘങ്ങള്‍

ഇരവിന്റെ മറവിലായ് ചൊരിയുന്നു പേമഴ.

മരവിച്ച മനസ്സും വിശക്കുന്ന വയറുമായ്

കാതോര്‍ത്തിരിക്കുന്നുറങ്ങാത്ത നെഞ്ചുകള്‍ .

റാന്തല്‍ വിളക്കിന്റെ നേര്ത്ത വെളിച്ചത്തില്‍

ഇളകുന്നു നിഴലുകള്‍ ചാഞ്ഞൊരു കൂരയില്‍ .

അമ്മ, തന്‍കുഞ്ഞിനെ മാറോടുചേര്‍ത്തുകൊ-

ണ്ടേങ്ങിക്കരയുന്നു കണ്ണുനീരില്ലാതെ.

ഇത്തിരിപ്പാലിനായ് ദാഹിച്ചു വരളുന്ന

പൈതലിന്‍ തൊണ്ട കരഞ്ഞു തളരുന്നു.

പുകയാത്തടുപ്പിന്റെ നടുവിലായ് പൂച്ചകള്‍

കൂര്‍ക്കം വലിപ്പൂ തലങ്ങും വിലങ്ങുമായ്.

അരുത് നീ കരയരുത് കുഞ്ഞേ, നമുക്കിന്നു

കാത്തിരിക്കേണം നിന്നച്ഛന്‍ വരുവോളം.

അന്തിക്കടലിന്റെയാഴത്തിലിന്നലെ

പൂമീന്‍ തിരഞ്ഞങ്ങു പോയതാണിന്നലെ.

ജീവിതക്കടലിന്റെ തിരമുറിച്ചകലെയായ്

പോയവനേ, നിനക്കെന്തു പിണഞ്ഞിതോ?

താനേ തളര്ന്നൊരാ പൈതലിന്‍ കണ്ണുനീര്‍

പാരം തുടച്ചവള്‍ വിറപൂണ്ട കൈകളാല്‍.

ഒരു ചുടുനീര്‍ക്കണം അമ്മതന്‍ മിഴിയില്‍നി-

ന്നൊട്ടിയ കവിളിലേയ്കൊഴുകിയിറങ്ങവേ,

ഇരുള്‍ വീണ മുറ്റത്തനങ്ങുന്ന രൂപങ്ങള്‍

കാണായി മിന്നല്‍പിണറിന്‍ ഇടര്‍ച്ചയില്‍‍ .

ആരെയോ താങ്ങിയെടുത്തുകൊണ്ടാളുകള്‍

മഴയില്‍ കുതിര്‍ന്നെത്തി മുറ്റത്ത് നില്‍ക്കയായ്.

വേച്ചുവേച്ചെത്തിയൊരുമാത്ര നോക്കിയി-

ട്ടലറിക്കരഞ്ഞവള്‍ കരളുടയും പോലെ.

സിരകളില്‍കത്തിപ്പടരുന്നിതഗ്നിയും

കീഴ്മേല്‍ മറിയുന്നു ഭൂമി ആകാശവും.

റാന്തല്‍വിളക്കിന്റെ കണ്‍‌തിരി പൊലിയവെ

അന്ധകാരത്തിന്‍ പെരുംതുടി മുഴങ്ങുന്നു.

Thursday, January 15, 2009

ഒരു പ്രണയഗീതം.....

ആദ്യത്തെ അനുരാഗ സായൂജ്യമേ എന്റെ
ആര്‍ദ്രമാം ഒരു മൗന സംഗീതമേ...

മാദളപ്പൂവിതള്‍ ചുണ്ടില്‍ വിരിഞ്ഞ നിന്‍
സുസ്മിത കാന്തിയെന്‍ മനം കവര്‍ന്നു...

പുലരി തന്‍ ചുംബനമേറ്റൊരു നീര്‍കണം
ഉടലാകെ കോരിത്തരിച്ചു നില്‍ക്കേ...

കടമിഴിക്കോണിനാല്‍ നോക്കി
കൊതിപ്പിച്ചു

കിന്നാരം ചൊല്ലാതെ പോവതെന്തേ സഖീ...

നിന്‍ പദനിസ്വനം കാതോര്‍ത്തിരുന്നീടാം

ഞാനെന്നും ഈ കല്‍പടവുകളില്‍

അരുതേ പരിഭവം പ്രിയസഖീ നീയെനി

ക്കെന്നുമെന്‍ ജീവന്റെ ജീവനല്ലേ...

പൊയ്കതന്നോളങ്ങള്‍ തഴുകിയുറക്കുമീ
തീരത്തിലേകനായ് ഞാനിരിക്കേ...

എന്‍ പ്രിയ സഖിയുടെ പുഞ്ചിരി പോലവേ

പൂര്‍ണ്ണേന്ദു വാനില്‍ ഉദിച്ചീടവേ...

പൊയ്കയിലിന്നവള്‍ കുളിച്ചു തോര്‍ത്തി നിലാ

പുടവയുടുത്തെന്നരികിലെത്തി...

അരുതേ പരിഭവം പ്രിയസഖീ നീയെനി

ക്കെന്നുമെന്‍ ജീവന്റെ ജീവനല്ലേ...

പ്രിയാ നിനക്കായ്.....

കാതിലൊരായിരം കഥ പറയാം ഞാന്‍
കാതരമായൊരു കവിത മൂളാം...

കാത്തിരിക്കാം നിറമിഴികളുമായെന്നും
കാതങ്ങള്‍ താണ്ടി നീയെത്തുവോളം...

പൊലിയുന്ന പകലിന്റെ പരിഭവങ്ങള്‍ നീല
രജനിതന്‍ മാറില്‍ നിറയുമ്പോഴും

മന്ദസമീരനായ് തഴുകുന്നു മെല്ലെ നിന്‍
തണുവാര്‍ന്ന തളിരിളം കൈകളെന്നും...

മരുഭൂവില്‍ നിറയും നിന്‍ ഗദ്ഗദങ്ങള്‍ ഇന്നും
അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍

തുളുമ്പും മിഴികളോടെന്നുമെന്നും ഞാന്‍
കേള്‍ക്കുന്നു നിന്‍ മൌനനൊമ്പരങ്ങള്‍

ഇത്തിരി വറ്റിനായ് കേഴുന്ന പൈതങ്ങള്‍
ക്കാശ്വാസമായ് യാത്രയായവനേ

അന്നം വിളമ്പുന്ന വിറയാര്‍ന്ന കൈകളില്‍
വീണുടയുന്നെന്റെ കണ്ണുനീരും....

തപം കൊള്ളുമെന്നാത്മ ശിഖരങ്ങളില്‍ എന്നും
ഋതുഭേദമന്യമായ് തീരുമ്പോഴും...

പ്രിയനേ നിനക്കായ് കരുതിവയ്കാം ഞാന്‍
വാടാതെ ഒരു പിടി പൂക്കളെന്നും...

ജീവിത യാത്ര

പാതിവിടര്‍ന്നൊരു പൂവാണു നീ സഖീ
പാതിരാ കാറ്റിന്റെ കുളിരാണു നീ...

ഏകാന്തമാമെന്‍ കിനാവുകളില്‍ എന്നും
ഏഴുനിറങ്ങള്‍ നിറച്ചവന്‍ നീ...

മോഹങ്ങള്‍ പൂക്കുമീ മിഴികളിലിന്നും
സ്നേഹസംഗീതം നിറഞ്ഞു നില്‍പ്പൂ...

ഒരു സാന്ദ്രരാഗമായ് എന്നിലിഞ്ഞു നീ
ഒരു മന്ദഹാസത്തിന്‍ മധുരവുമായ്...

ആദ്യമായ് ഞാന്‍ നിന്റെ വിരല്‍ തൊട്ട മാത്രയില്‍
പരിഭവം ഭാവിച്ചു നീ മറഞ്ഞു...

ആരാവില്‍ കണ്ട കിനാവിലെല്ലാം തോഴാ
നിന്‍ മുഖം മാത്രം നിറഞ്ഞു നിന്നു...

പിന്നെ ഞാന്‍ കാണുന്ന നിമിഷത്തില്‍ നിന്‍ മുഖം
നാണത്തില്‍ മുങ്ങി തുടുത്തു നിന്നു...

അന്നെന്റെ വദനം നീ മെല്ലെ ഉയര്‍ത്തിയി‌‌-
ട്ടൊരു വാക്കു ചൊല്ലിയതോര്‍മ്മയുണ്ടോ?

ഓര്‍മ്മയിലൊരു നാളും മായുകയില്ലാ സഖീ
കാതരമായന്നു മൊഴിഞ്ഞതെല്ലാം...

ഒരു മാത്ര കൂടിയാ വാക്കുകള്‍ എന്‍ കാതില്‍
മധുരമായിന്നു നീ മന്ത്രിക്കുമോ...

ഇടറുന്ന ഹൃദയത്തിന്‍ താളമോടെ ഇന്നും
ചൊല്ലീടാം ഞാന്‍ നിന്നെ സ്നേഹിക്കുന്നു...

അരുതേ നിന്‍ മിഴികള്‍ നിറയരുതേ സഖീ
അരുതാത്തതെന്തു ഞാന്‍ ഇന്നു ചൊല്ലീ...

ഇല്ലെന്‍ മിഴികള്‍ നിറയില്ലൊരിക്കലും
ദേവാ നീ അരികത്തു നില്‍ക്കുവോളം...

കൈകോര്‍ത്തു മെല്ലെ നടന്നീടാം നമുക്കിനി
ശിഷ്ടമാം ജീവിത യാത്രയിതില്‍ ...

സ്വപ്നം

പുതുമഴ പോലൊരു സ്വപ്നമെന്‍ മനസ്സിന്റെ
കിളിവാതില്‍ ചാരത്തു വന്നു നില്‍ക്കെ...

ഇന്നലെ നോക്കി കൊതിപ്പിച്ചു പോയൊരാ-
തോഴന്‍ എന്നെ മെല്ലെ തൊട്ടുണര്‍ത്തി...

അരുമായായ് ഇന്നവന്‍ പുഞ്ചിരിച്ചു എന്റെ
അനുവാദമില്ലാതെ അടുത്തിരുന്നു...

ഒരു ധനുമാസരാവിന്റെ കുളിരു പോല്‍ വന്നെന്റെ
മാനസ ശ്രീകോവില്‍ നടതുറന്നു...

കാതരമായ് മൊഴിഞ്ഞവന്‍ കിന്നാരം
കേട്ടെന്റെ കരളിന്‍ കിളി ചിലച്ചു...

നിലാവില്‍ മയങ്ങുമീ പാതയോരം നീളെ
നിശാഗന്ധി മിഴികള്‍ തുറന്നു നില്പൂ...

മടിയില്‍ തലചായ്ചു ഞാനിരുന്നു നിന്റെ
ഗന്ധര്‍വ്വ സംഗീതം കേട്ടിരുന്നു...

ആരോ വിരല്‍ തൊട്ടു മീട്ടും പൊന്‍ വീണതന്‍
തന്ത്രിപോലാര്‍ദ്രമായ് എന്‍ മാനസം...

താരാട്ട്

പേടമാന്‍ കുഞ്ഞിന്റെ മിഴിയാണ്
നീലക്കാര്‍ വര്ണ്ണന്റെ അഴകാണ്
വെറ്റില നാമ്പുകള്‍ കൊത്തിച്ചുവപ്പിക്കും
തത്തമ്മ പെണ്ണിന്റെ ചുണ്ടാണ്
കണ്ണേ ഉറങ്ങുറങ്ങൂ...
ഓമന മുത്തേ ഉറങ്ങുറങ്ങൂ....
അമ്മതന്‍ താരാട്ടു കേട്ടെന്‍
ഓമനമുത്തേ നീയുറങ്ങൂ...

നീകാണും കുഞ്ഞുകിനാവിലെല്ലാം
വര്ണ്ണങ്ങളേഴും നിറയേണം
താമരപ്പൂവിന്റെ നിറമോലും നിന്റെ
പൂങ്കവിള്‍ മെല്ലെ തലോടാം ഞാന്‍
കണ്ണേ ഉറങ്ങുറങ്ങൂ...
ഓമന മുത്തേ ഉറങ്ങുറങ്ങൂ....

മാനത്തു താരക പൂക്കളുണ്ട്
കൂട്ടിനായമ്പിളിമാമനുണ്ട്..
എന്നുണ്ണിക്കണ്ണനുറങ്ങാന്‍ ചാരത്ത്
കുഞ്ഞിളം തെന്നലായമ്മയുണ്ട്
കണ്ണേ ഉറങ്ങുറങ്ങൂ...
ഓമന മുത്തേ ഉറങ്ങുറങ്ങൂ....

മുറ്റത്തെ തേന്മാവിന്ചില്ലയൊന്നില്‍
ചന്തമോലും കിളിക്കൂടുണ്ട്
കൂട്ടിലൊരോമന കുഞ്ഞുണ്ടേ
കൂട്ടിന്നായമ്മക്കിളിയുമുണ്ടേ
ഈകൊച്ചു കൂട്ടിലെന്നുണ്ണിയുണ്ടേ
പാടിയുറക്കനമ്മയുണ്ടേ
കണ്ണേ ഉറങ്ങുറങ്ങൂ...
ഓമന മുത്തേ ഉറങ്ങുറങ്ങൂ....

പിണക്കം...

എന്തിഷ്ടമാണെന്റെ ജീവ നാഥാ പിന്നെ
എന്തിനാണെന്നോടിന്നീ പിണക്കം...

അരുതാത്തതൊന്നുമേ നിനച്ചതില്ല
ഞാനവിവേകമായൊന്നും ചൊല്ലിയില്ലാ...

എങ്കിലും നീയെന്റെ തോഴനല്ലേ എന്‍
അരികിലേയ്കൊരുമാത്ര ചേര്‍ന്നിരിക്കൂ...

വിരിയാത്ത എന്‍ കരള്‍ ചില്ലയൊന്നില്‍
നറും പുഞ്ചിരിയാല്‍ നീ കൂടുവച്ചു...

കൂട്ടിലൊരായിരം കിളികളെത്തി
കൈ കുമ്പിളില്‍ തേനുമായ് വസന്തമെത്തി...

ഒരു വര്‍ണ്ണ ശലഭമായ് പറന്നു വരൂ
ഈ മലരിലെ മധുരം നുകര്‍ന്നെടുക്കൂ...

നീലക്കുറിഞ്ഞിപ്പൂ മേടുകളില്‍ വെണ്‍
മുകിലുകള്‍ മെല്ലെ തലോടി നില്‍ക്കേ...

എന്നെ കുറിച്ചു നീ പാടിയ പാട്ടിന്‍
ശ്രുതി ചേര്‍ന്നു ഞാന്‍ മണി തമ്പുരുവായ്...

മീട്ടാം എന്‍ തന്ത്രികള്‍ ദേവാ നിനക്കായി
ജന്മാന്തര സ്നേഹ സാന്ത്വനമായ്...

അവസ്ഥാന്തരങ്ങള്‍

പാതകളെത്രയെന്‍ മുന്നിലായ് നീളുന്നു
പാദങ്ങള്‍ക്കില്ലൊരു നാളിലും വിശ്രമം

പിന്നിലേയ്ക്കോടി മറയുന്ന രൂപങ്ങള്‍ -
ക്കൊക്കെയും പറയുവാനേറെ വ്യഥകളൂം

അഷ്ടിക്കു വകയില്ലാതൊട്ടിയ വയറുമായ്
ശിഷ്ടകാലത്തിനായ് കാത്തിരിക്കുന്നു ഞാന്‍

മനസ്സിന്റെ ഭാണ്ഡത്തില്‍ മിച്ചമില്ലൊന്നുമേ
നിറമോലും ഗതകാല സ്മരണകളല്ലാതെ

ആള്‍തിരക്കേറുന്ന നഗര പ്രാന്തങ്ങളില്‍
ഏകനായലയുന്നു ഞാനാം പഥികനും

ആശകളൊട്ടുമേ ബാക്കിയില്ലൊരുനാളില്‍
ആശിച്ചിരുന്നുവെന്നൊര്‍ക്കുമ്പോള്‍ കൗതുകം

പിന്നിട്ട വഴികളിലെറിഞ്ഞെന്റെ സ്വപ്നങ്ങള്‍
പശിക്കും ചെന്നായ്ക്കള്‍ക്ക് ഭുജിക്കുവാനാവോളം

ആര്‍ത്തി മൂത്തവയൊക്കെ ചീറിയടുത്തെന്റെ
ഭാണ്ഡത്തിനുള്ളിലിനിയെന്തെന്നു തിരയവേ

ഓടിത്തളര്‍ന്നു ഞാനെത്തിയൊരു നിളയുടെ
തീരത്തു ശാന്തനായ് തെളിനീര്‍ കുടിക്കുവാന്‍

വറ്റിവരൊണ്ടൊരാ നിളയുടെ നെഞ്ചകം
ഇറ്റുനീര്‍ പോലുമില്ലാതെ തപിക്കുന്നു

കുഴയുന്നു പാദങ്ങള്‍ തളരുന്നു ദേഹവും
കഴിയില്ല മുന്നോട്ടിനിയീ പ്രയാണവും

ഈ മരത്തണലില്‍ ഞാന്‍ ഏകനായിരിക്കുമ്പോള്‍
ഓര്‍ക്കുന്നു പാഴായ രക്തബന്ധങ്ങളും

ഹാ, വൃക്ഷമേ...നീയെത്ര ധന്യ..
തണലേകിടുന്നു നീ കര്‍മ്മഫലമോര്‍ക്കാതെ

പുലരി വിരിഞ്ഞിട്ടും ഉണര്‍ന്നില്ലയാവൃദ്ധന്‍
ഉണരുകയുമില്ലിനി വ്യഥകളെത്തഴുകുവാന്‍ ....

ഒരു നാടന്‍ പാട്ട്

കരിമിഴികൊണ്ട് കവിത ചൊല്ലണ
കടത്തുകാരി പെണ്ണേ നിന്റെ
കരിവളയുടെ കളിചിരികേട്ടെന്‍
മനം കുളിരണു പൊന്നേ...

തുഴയെറിയുമ്പോള്‍ കുതിച്ചു പായണ
കൊതുമ്പു വള്ളം പോലെ നിന്റെ
കടക്കണ്ണിന്റെയീ നോട്ടം കണ്ടിട്ട്
മദിച്ചു പായണ് മനസ്സ്...

കറുകറുത്തൊരു ചുരുള്‍ മുടിയുള്ള
കുട്ടനാടന്‍ പെണ്ണേ നിന്റെ
കുറുമ്പു കാട്ടണ വദനം കണ്ടിട്ട്
മനമിളകണ് കണ്ണേ...

നുണക്കുഴിയുള്ള കവിളു കണ്ടെന്റെ
കരള്‍ തുടിക്കണു പൊന്നേ നിന്റെ
കരം പിടിച്ചിട്ടീ കടത്തുതോണിയില്‍
തുഴഞ്ഞു പോകുവാന്‍ മോഹം...

കരയടുക്കുമ്പോള്‍ മനം വിതുമ്പുന്നു
കടത്തുകാരി പെണ്ണേ എന്റെ
കരളിന്‍ നൊമ്പരം കാണൂല്ലേ ഒരു
കാരിയം എന്നോട് ചൊല്ലൂല്ലേ...

നാണം മുളയ്കുമ്പോള്‍ നഖം കടിക്കണ
നാടന്‍ ചേലുള്ള പെണ്ണേ എന്റെ
നാടുകാണാനിന്നു പോരാമോ ഈ
നാടിന്റെ ഓമന പെണ്‍കിടാവേ...

നാട്ടിലൊരോലപ്പുരയുണ്ടേ
നാഗവും തേവരും കാവുമുണ്ടേ
കാവിലിന്നുല്‍സവ മേളമുണ്ടേ
മേളം കൊഴുപ്പിക്കാന്‍ കൂട്ടരുണ്ടേ...

ആദ്യാനുരാഗം

ഓര്‍മ്മകളിന്നെന്റെ മനസ്സില്‍ നിറയുന്നു
നേര്‍ത്ത നിലാവിന്റെ കുളിരു പോലെ...

ഒരു സ്നേഹഗീതമായ് അരികിലണയുന്നു
സുസ്മേരവദനയാം ഒരു പെണ്‍കൊടി...

മിഴികള്‍ ഇടഞ്ഞൊട്ടുനേരമന്നറിയാതെ
മഴയില്‍ നനഞ്ഞവള്‍ നിന്ന നേരം...

ആദ്യാനുരാഗത്തിന്‍ ആദ്യാക്ഷരങ്ങളെന്‍
ആത്മാവിലന്നവള്‍ വരച്ചു മെല്ലെ...

അറിയാതെ എന്നിലാ മിഴികള്‍ തന്‍ കിരണങ്ങള്‍
അനുവാദമില്ലാതെ തഴുകി വന്നു...

പിന്നെയാ നിമിഷങ്ങള്‍ എന്‍ കരളില്‍ ഒരു
ദിവ്യമാം അനുഭൂതിയായ് നിറഞ്ഞു...

കണ്ടു ഞാന്‍ വീണ്ടുമാ കണ്ണുകള്‍ എന്നോടു
മിണ്ടുവാനേറെ കൊതിച്ചിരുന്നു...

കരുതിയില്ലൊന്നുമേ മറുപടിയായ് വീണ്ടും
കാണുമെന്നൊട്ടുമേ നിനച്ചതില്ലാ...

മന്ദം നടന്നവള്‍ അകലേയ്ക്ക് മറയുമ്പോള്‍
അറിയാതെ എന്‍ മനം വിവശമായി...

ഒരു പിന്‍വിളിക്കായവള്‍ കാതോര്‍ത്തിരുന്നുവോ
അറിയില്ലതിന്നുമെന്‍ ചേതനയില്‍ ...