Wednesday, February 4, 2009

കാലം

കാലം കടഞ്ഞൊരീ ജീവനും പേറി നാം
കാതങ്ങള്‍ താണ്ടുന്നു കാലം കഴിക്കുന്നു

അറിയാം തുടിക്കുമീ യന്ത്രം നിലയ്ക്കവേ
അലിയുന്നു ദേഹവും പഞ്ചഭൂതങ്ങളില്‍

ഓര്‍ത്താല്‍ നടുങ്ങുന്നു, സത്യമെന്താകിലും
ഓര്‍ക്കുവാന്‍ നേരമില്ലെന്നതും മിഥ്യയോ

അണുവിന്റെയണുവിലെ സത്യം പഠിക്കവേ
അണുവായുധങ്ങളും കരുതുന്നു കൂട്ടിനായ്

കാണാത്ത കാഴ്ചകള്‍ കാണാന്‍ കൊതിക്കവേ
കാണുന്നതൊക്കെയും നേടാന്‍ തപിക്കുന്നു

അറിയുന്നു നമ്മളും പിന്നിലേയ്കൊരു മാത്ര
നോക്കുക നമ്മെ നാമാക്കിയ പാതകള്‍

വന്ദിക്കുവാന്‍ നമുക്കാവതില്ലെങ്കിലും
നിന്ദിക്കയരുത് നാം മാതപിതാക്കളെ

ദേഹത്തിലൊഴുകുന്ന ചോരയ്ക്കൊരുനിറം
ദേഹിയോ കാണ്മതിനാവതില്ലെന്നതും

സ്നേഹമീ ജീവന്റെയാധാരമെന്നതും
വൈകിയാണെങ്കിലും അറിയുന്നു നാമിന്ന്‍....
മിന്ന്‍....

No comments:

Post a Comment