Saturday, January 17, 2009

അന്ധകാരം.....

കടലിളകിമറിയുന്നു, കരള്‍നൊന്തു കരയുന്നു
ദിക്കുകള്‍ പൊട്ടുമാറുച്ചത്തിലലറുന്നു.

പാഞ്ഞലച്ചെത്തും കൊടുങ്കാറ്റുവീശുന്നു
മുടിയഴിച്ചാടിത്തിമിര്‍പ്പൂ തരുക്കളും.

മിന്നലിന്‍ നാഗങ്ങളിഴയുന്നു മാനത്ത്

ചിന്നിച്ചിതറിക്കുതിച്ചിഴഞ്ഞെത്തുന്നു.

ഇരുള്‍‍പെറ്റ മക്കളെപ്പോലെ കാര്‍മേഘങ്ങള്‍

ഇരവിന്റെ മറവിലായ് ചൊരിയുന്നു പേമഴ.

മരവിച്ച മനസ്സും വിശക്കുന്ന വയറുമായ്

കാതോര്‍ത്തിരിക്കുന്നുറങ്ങാത്ത നെഞ്ചുകള്‍ .

റാന്തല്‍ വിളക്കിന്റെ നേര്ത്ത വെളിച്ചത്തില്‍

ഇളകുന്നു നിഴലുകള്‍ ചാഞ്ഞൊരു കൂരയില്‍ .

അമ്മ, തന്‍കുഞ്ഞിനെ മാറോടുചേര്‍ത്തുകൊ-

ണ്ടേങ്ങിക്കരയുന്നു കണ്ണുനീരില്ലാതെ.

ഇത്തിരിപ്പാലിനായ് ദാഹിച്ചു വരളുന്ന

പൈതലിന്‍ തൊണ്ട കരഞ്ഞു തളരുന്നു.

പുകയാത്തടുപ്പിന്റെ നടുവിലായ് പൂച്ചകള്‍

കൂര്‍ക്കം വലിപ്പൂ തലങ്ങും വിലങ്ങുമായ്.

അരുത് നീ കരയരുത് കുഞ്ഞേ, നമുക്കിന്നു

കാത്തിരിക്കേണം നിന്നച്ഛന്‍ വരുവോളം.

അന്തിക്കടലിന്റെയാഴത്തിലിന്നലെ

പൂമീന്‍ തിരഞ്ഞങ്ങു പോയതാണിന്നലെ.

ജീവിതക്കടലിന്റെ തിരമുറിച്ചകലെയായ്

പോയവനേ, നിനക്കെന്തു പിണഞ്ഞിതോ?

താനേ തളര്ന്നൊരാ പൈതലിന്‍ കണ്ണുനീര്‍

പാരം തുടച്ചവള്‍ വിറപൂണ്ട കൈകളാല്‍.

ഒരു ചുടുനീര്‍ക്കണം അമ്മതന്‍ മിഴിയില്‍നി-

ന്നൊട്ടിയ കവിളിലേയ്കൊഴുകിയിറങ്ങവേ,

ഇരുള്‍ വീണ മുറ്റത്തനങ്ങുന്ന രൂപങ്ങള്‍

കാണായി മിന്നല്‍പിണറിന്‍ ഇടര്‍ച്ചയില്‍‍ .

ആരെയോ താങ്ങിയെടുത്തുകൊണ്ടാളുകള്‍

മഴയില്‍ കുതിര്‍ന്നെത്തി മുറ്റത്ത് നില്‍ക്കയായ്.

വേച്ചുവേച്ചെത്തിയൊരുമാത്ര നോക്കിയി-

ട്ടലറിക്കരഞ്ഞവള്‍ കരളുടയും പോലെ.

സിരകളില്‍കത്തിപ്പടരുന്നിതഗ്നിയും

കീഴ്മേല്‍ മറിയുന്നു ഭൂമി ആകാശവും.

റാന്തല്‍വിളക്കിന്റെ കണ്‍‌തിരി പൊലിയവെ

അന്ധകാരത്തിന്‍ പെരുംതുടി മുഴങ്ങുന്നു.

1 comment:

  1. orupaad touch cheythu ktoo ithu...

    very nice ....

    ReplyDelete